Tuesday, January 21, 2020

മിനിക്കഥാകാലം ജലം

മിനിക്കഥാകാലം
ജലം
,,,,,,,,,
വീട്ടിൽ നിന്നും അടിച്ചു പുറത്താക്കിയ ജലമെല്ലാം പുലർച്ചെ വീട്ടിൽ കയറി നിൽക്കുന്നു. മിനറൽ വാട്ടറിന്റെ കുപ്പികളെയെല്ലാം അത് പുറത്തേക്ക് ഒഴുക്കിക്കളഞ്ഞിരിക്കുന്നു .
വീടു പൊളിക്കല്ലേ ... കൊല്ലല്ലേ ...
അപേക്ഷിച്ചു.
അപ്പോൾ ജലം പറഞ്ഞു, മരം നടൂ
നീ ഉണ്ടായിരുന്നു എന്നതിന് ആ മരം സാക്ഷി പറയും.
-മുനീർ അഗ്രഗാമി

മിനിക്കഥാകാലം മനുഷ്യർ

മിനിക്കഥാകാലം
മനുഷ്യർ
,,,,,,,,,,,,,,,,,,,,,
കുറച്ച് ആളുകൾ വന്നു. മുങ്ങി മരിക്കാൻ തുടങ്ങിയ ഗ്രാമത്തെ
അവർ മുങ്ങിയെടുത്തു. അവർ ഞങ്ങളുടെ ജാതിക്കാരോ മതക്കാരോ അല്ലാതിരുന്നിട്ടും ഞങ്ങളെ അവർ കരകയറ്റി. സ്നേഹം കൊണ്ട് ഞങ്ങളുടെ കണ്ണു നിറഞ്ഞു പോയി .
ജാതി-മതകലാപങ്ങളിൽ രക്തസാക്ഷികളായ ഞങ്ങളുടെ പൂർവ്വികർ സന്തോഷം കൊണ്ട് കരഞ്ഞു പോയി . അപ്പനപ്പൂപ്പൻമാരേ
കരയുന്നതെന്തിന് ? ഞങ്ങൾ ചോദിച്ചു . " ജീവിച്ചിരിക്കുമ്പോ മനുഷ്യരെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായില്ലല്ലോ എന്നോർക്കുമ്പോൾ ... " അന്നേരം ഇങ്ങനെ അപൂർണ്ണമായ ഒരശരീരിയുണ്ടായി.
- മുനീർ അഗ്രഗാമി